Pages

Tuesday, January 18

ടീക്കിടിക്കിഡി..ടീക്കിടിക്കിഡി...ടീക്കിടിക്കിഡി കോമഡി ഷോ


സി പി എം പോളിറ്റ് ബ്യുറോയുടെ തീരുമാനങ്ങള്‍ രാജ്യം പ്രാധാന്യത്തോടെ കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പുരോഗതി നിശ്ചയിക്കുന്ന തീരുമാനങ്ങള്‍. ‘ബംഗാളും കേരളവും ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ് ചിന്തിക്കും‘ എന്നൊരു പ്രയോഗം തന്നെയുണ്ടായിരുന്നു. അതെല്ലാം അന്തകാലം.
ഇന്ന് പിബി യോഗങ്ങള്‍ കലാഭവന്‍ ട്രൂപ്പിന്റെ കോമഡി ഷോയെ വെല്ലുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പിബി തീരുമാനങ്ങള്‍ ആളുകളെ കുടുകുടാ ചിരിപ്പിക്കുന്നു.
അടുത്ത തവണ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സഖാവ് വി എസിനെ കാണുമ്പോള്‍ കയ്യിലുള്ള വാക്കത്തിയെടുത്ത് താടി ചൊറിഞ്ഞ് ഒന്ന് വിരട്ടിവിടണം എന്നാണ് ഏറ്റവും പുതിയ തീരുമാനം. പാര്‍ട്ടിഭാഷയില്‍ ശാസന എന്നാണിതിന് പറയുന്നത്. ലോട്ടറി അഴിമതിക്കേസില്‍ വി എസ് സിബിഐ അന്വേഷണം ആവശ്യപെട്ടതാണ് പിബി ട്രൂപ്പിന് പിടിക്കാതെ പോയത്. സിപിഎം മെമ്പര്‍ഷിപ്പ് എടുത്താല്‍[അതേത് താടിക്കാരനായാലും] ജീവിതകാലം മുഴുവന്‍ അയാള്‍ അഴിമതിക്ക് അതീതനാണ് എന്നാണ് പിബി ഇതിന് കാരണമായി പറയുന്നത്.
ലാവലിന്‍ കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചതും കുറെയാളുകള്‍ ആകാംശയോടെ കണ്ടു നിന്ന ഒരുകോമഡി ഷോയിലൂടെയാണ്. പിണറായി സഖാവ് കുറ്റക്കാരനല്ല എന്നും കുറ്റം ചില പ്രേതഭൂതാതികളിലാണെന്നും ഈ എപ്പിസോഡില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇമ്മാതിരി ഒരു കോമഡി ഷോ പാണ്ടി രാജ്യത്ത് ഈയിടെ നടക്കുകയുണ്ടായി. 2G സ്പെക്ട്രം കേസില്‍ കനിമൊഴിയുടെ മനം കവര്‍ന്ന മന്മഥനെ പറ്റി നമ്മ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി താത്ത ചൊന്നതും അപ്പടിതാന്‍.’രാജ തപ്പ് സെയ്യലൈ’. കുറ്റാരോപിതര്‍ തന്നെ വിധി പറയുന്ന രീതി മറ്റ് പാര്‍ട്ടികളും വൈകാതെ തുടങ്ങും എന്നാണ് കരുതുന്നത്. [ഒരുകണക്കിനുനോക്കിയാല്‍ ഇങ്ങനെ തീരുമാനമെടുക്കുന്നതായിരിക്കും നല്ലത്. അല്ലാതെ ബാലക്രിഷ്ണന്‍ സാറിനെ പോലെയുള്ള ആളുകള്‍ വിധി പറയുകയാണെങ്കില്‍ ഇവര്‍ തെറ്റുചെയ്തില്ല എന്ന് വിധിക്കുന്നതിന് പുറമെ രാജ്യത്തിന് സ്തുത്യര്‍ഹമയ നേട്ടങ്ങള്‍ ഉണ്ടാക്കി എന്നുപറഞ്ഞ് പാരിതോഷികമായി പണക്കിഴി വരെ കൊടുക്കാന്‍ സാധ്യതയുണ്ട്.]
തൊട്ടടുത്ത എപ്പിസോഡില്‍ പിണറായി സഖാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് സഖാവ് വി എസിനെ ഈ ട്രൂപ്പില്‍ നിന്നും ഇറക്കിവിട്ടുകൊണ്ട് കല്പാന്തകാലത്തോളം ജനങ്ങളെ കുടുകുടാ ചിരിപ്പിക്കാന്‍ കഴിയുമെന്ന് ഈ ട്രൂപ്പ് തെളിയിച്ചു.
ഈ ട്രൂപ്പിന്റെ Career Best Perfomance രാജ്യത്തിന് ഒരു കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ കിട്ടുന്ന അവസരത്തില്‍ ആയിരുന്നു. രാജ്യത്തിന് കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി വേണ്ട എന്നായിരുന്നു ഈ എപ്പിസോഡിലെ തീരുമാനം. ‘ചരിത്രപരമായ മണ്ടത്തരം‘ എന്ന പേരിലാണ് ഈ എപ്പിസോഡ് അറിയപെടുന്നത്.
ഈ കോമഡി ട്രൂപ്പിലെ അംഗങ്ങാളുടെ എണ്ണം ഇന്ന് പതിനഞ്ചാണ്. ക്യാമ്പസ് റിക്രൂട്ട്മെന്റുകളും സ്വന്തം നാട്ടില്‍ പോയാല്‍ ഒരീച്ച പോലും തിരിച്ചറിയാത്ത കാരാട്ടും യെച്ചൂരിയുമാണ് ട്രൂപ്പിനെ നയിക്കുന്നത്. നട്ടെല്ല് വളയ്ക്കാന്‍ അല്പം ബുദ്ധിമുട്ടുള്ളത്കൊണ്ട് ബുദ്ധദേബ് കുറച്ചുകാലങ്ങളായി ഈ ട്രൂപ്പിന്റെ കോമഡി ഷോയില്‍ പങ്കെടുക്കാറില്ല. പതിനഞ്ചംഗ ട്രൂപ്പില്‍ നിന്ന് പുറത്താക്കപെട്ട് വ്യക്തിയാണ് വി എസ്. വി എസ് ഉണ്ടെങ്കില്‍ ഈ കോമഡി ട്രൂപ്പിലെ ചില അംഗങ്ങളുടെ ജീവിതം മുഴുവന്‍ ട്രാജഡിയായി മാറും എന്നു മനസിലാക്കി ട്രൂപ്പില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. കോടിയേരിയും വരദരാജനെയും പോലുള്ള കയ്യാലപുറത്തെ തേങ്ങകളും ഉണ്ട്. കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും വീഴാം. ഭൂരിപക്ഷം വിളിച്ചുപറയുന്നത് മനസിലായാലും ഇല്ലെങ്കിലും ‘അങ്ങന്‍ തന്നെ.. അങ്ങന്‍ തന്നെ... അങ്ങനെ തന്നെ സിന്ദാബാദ്’ എന്നുപറയുകയാണ് ജോലി. മാളോരോടെല്ലാം വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിന് ശേഷം തന്റെ വോട്ട് രേഖപെടുത്താന്‍ പോളിങ്ങ് ബൂത്തില്‍ പോയപ്പോള്‍ തനിക്ക് വോട്ടില്ല എന്ന് പോളിങ്ങ് ഓഫീസറുടെ വായില്‍ നിന്നും അറിയാന്‍ ഭാഗ്യം ലഭിച്ച എസ് ആര്‍ പി, മുതലാളിമാരുടെ കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി തുടങ്ങിയവരെല്ലാം ഈ ട്രൂപ്പിന്റെ അവിഭാജ്യ ഘടകമാണ്. ബ്രിന്ദ കാരാട്ട്, ബിമന്‍ ബസു, മാണിക്ക് സര്‍ക്കാര്‍ തുടങ്ങി നിവര്‍ന്ന നട്ടെല്ലോടെയും ഉയര്‍ന്ന ശിരസോടെയും നില്‍ക്കുന്ന കലാകാരന്മാരും ഈ ട്രൂപ്പിലുണ്ട്. അവര്‍ എപ്പോഴും ന്യൂനപക്ഷം ആയത്കൊണ്ട് പരിപാടികളുടെ അജണ്ട നിശ്ചയിക്കന്‍ അവര്‍ക്ക് കഴിയാറില്ല.
ഓരോ എപ്പിസോഡിലും ഒന്നിനൊന്ന് മെച്ചപെട്ട പ്രകടനമാണ് പി ബി ട്രൂപ്പ് നടത്തികൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ എല്ലാദിവസവും ഈ ഷോ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ല. മൂന്നുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ഷോ നടത്തറുള്ളത്. അടുത്ത ഷോയ്ക്കായി കാത്തിരിക്കുക.
ഞങ്ങള്‍ കമ്മ്യൂണിസം പഠിച്ചത് ഇന്ന് കാണുന്ന ജീവിക്കുന്ന ‌‘ഇതിഹാസങ്ങളില്‍ നിന്നല്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് വഴുതിവീഴുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും പടിയിറങ്ങി. ഞങ്ങളെ തിരുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. കമ്മ്യൂണിസത്തിന്റെ ഒരംശം പോലും നിങ്ങളില്‍ അവശേഷിക്കത്തത്കൊണ്ട് നിങ്ങളെ തിരുത്താന്‍ ഞങ്ങള്‍ക്കും കഴിയില്ല. ഒരപേക്ഷമാത്രം. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും പാര്‍ട്ടി ഓഫീസിന്റെ പേര് നിങ്ങള്‍ മാറ്റണം. ഇനിയും ഞങ്ങളുടെ പ്രിയപെട്ട സഖാവിനെ അപമാനിക്കരുത്. ജീവിക്കുന്നഇതിഹാസങ്ങളുടെ പേരുതന്നെ നല്‍കാവുന്നതാണ്. കേന്ദ്രത്തില്‍കാരാട്ട്’‘ സെന്റര്‍ സംസഥാനത്തില്‍പിണറായി ഭവന്‍’, ‘ജയരാജന്‍സ് ക്യുബിക്കിള്‍എന്നീ പേരുകള്‍ പരിഗണിക്കാവുന്നതാണ്. ശിങ്കിടികള്‍ കയ്യടിച്ചും കുരവയിട്ടും പാസാക്കും. ഒരു തരം രണ്ട് തരം മൂന്ന് തരം.
After The Show
എസ്. ആര്‍. പി > ‘വി. എസിനെ ശാസിക്കാന്‍ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല.‘
ടിന്റുമോന്‍ > ‘അച്ഛന്‍ പത്തായത്തില്‍ പോലും ഇല്ലെന്ന് പറയാന്‍ പറഞ്ഞു
……………………………………………
ലാല്‍ അത്തോളി.

അഖിലേന്ത്യാ ഇടതുപക്ഷ കോ ഓഡിനേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ജനുവരി 22ന്

അഖിലേന്ത്യാ ഇടതുപക്ഷ കോ ഓഡിനേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ജനുവരി 22ന്