ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും പ്രസ്താവനകളൊ പ്രസംഗങ്ങളൊ നടത്തി സമൂഹത്തിൽ ആകപ്പാടെ ഒരു ‘പുക’മറ സൃഷ്ടിക്കുകയാണ് ‘പുക സ’ഖാക്കളുടെ(ഇവരെ സഖാക്കൾ എന്നുപറയുന്നതിൽ ക്ഷമിക്കുക) ലക്ഷ്യം. “വായിക്കുതോന്നിയത് കോതയ്ക്ക് പാട്ട്” എന്നതാണ് മുദ്രാവാക്യം“. പുരോഗമനപരമായ സംവാദങ്ങൾ എന്ന ഓമനപേരിൽ വിളിക്കുന്ന കാൽക്കാശിനുവകയില്ലാത്ത ഈ പൊറാട്ടു നാടകങ്ങളിൽ ‘പുക സ’ഖാക്കൾക്ക് ഒരു നിർബന്ധമുണ്ട്. ഈ സംവാദങ്ങൾ കൊണ്ട് തങ്ങളുടെ ആമാശയത്തിനല്ലാതെ മറ്റൊരാൾക്കും ഗുണം ഉണ്ടാവാൻ പാടില്ല എന്നതാണത്. ഒരു കാലത്ത് മഹരഥന്മാർ ഇരുന്ന സംഘത്തിന്റെ പിന്മുറക്കാർക്ക് വന്ന അപചയം.
പുരോഗമനപരമായ സംവാദങ്ങൾ കേരളത്തിൽ എല്ലാകാലത്തും എറ്റെടുത്ത് നടത്തിയിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളും സൈദ്ധാന്തികരും ആയിരുന്നു അതിന്റെ അടിത്തറ. സ.ഇ.എം.എസും, സ. പി.ജിയും, എം.എൻ.വിജയന്മാഷും തുടങ്ങിവെച്ച സംവാദങ്ങൾ സമൂഹം എറ്റെടുക്കുകയും സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദം എന്തെന്നുചോതിച്ചാൽ ഒരു സിനിമയിലെ ഡയലോഗ് പോലെ
” :കമ്പിളിപുതപ്പ് കമ്പിളിപുതപ്പ്“
” :കേൾക്കുന്നില്ല കേൾക്കുന്നില്ല“
എന്നുപറയുന്ന നേതാക്കളാണ് ഇന്നീപാർട്ടിയിൽ ഉള്ളത്. സൈദ്ധാന്തിക അടിത്തറ നൽകിയ ബുദ്ധിജീവികളെല്ലാം പാർട്ടിവിട്ടുപോയിരിക്കുന്നു. പക്ഷെ സൈദ്ധാന്തിക അടിത്തറയില്ലാതെ പാർട്ടിക് നിലനിൽപ്പില്ല. ആഗോളവത്കരണത്തിന്റെ ഈകാലത്ത് എല്ലാകാര്യങ്ങളും ‘Outsource’ ചെയ്യുകയാണ്. അങ്ങനെ പാർട്ടിക്ക് സൈദ്ധാന്തിക അടിത്തറ നൽകുക എന്ന ജോലി ‘Outsource’ ചെയ്തു. അതിന്റെ ആദ്യപടിയായി ‘പു.ക.സ’ എന്ന ഇടത്പക്ഷ ചായ്‌വുള്ള സ്വതന്ത്ര സംഘടനയുടെ തലപ്പത്ത് തങ്ങൾ ”ചാടിക്കളിക്കാൻ പറഞ്ഞാൽ ചാടിക്കളിക്കുന്ന, തുള്ളിക്കളിക്കാൻ പറഞ്ഞാൽ തുള്ളിക്കളിക്കുന്ന“ ‘ബുദ്ധിജീവികളെ(വേഷവും രൂപവും മാത്രം)’ കൊണ്ടുവന്നു. വീടിന്റെ കന്നിമൂലയിൽ ചൊറിയും കുത്തിയിരുന്ന ‘കുഞ്ഞന്മാരും’ ‘പോക്കർമാരും’ അങ്ങനെ സംഘടനയുടെ തലപ്പത്ത് എത്തി. മുൻപിരുന്ന മഹാരഥന്മാരുടെ അടുക്കളകമ്മിറ്റിയിലെത്താൻ ഇവർ ഇനിയും മൂന്ന് ജന്മം ജനിക്കണം.
അങ്ങനെ Outsource ചെയ്ത സൈദ്ധാന്തിക അടിത്തറകൊണ്ട് പാർട്ടി പടവലങ്ങപോലെ താഴോട്ട് വളർന്നുകൊണ്ടിരിക്കുകയാണ്. പടവലങ്ങയുടെ വളർച്ച കൂട്ടാനും വേഗത്തിലാക്കാനും അതിന്റെ അറ്റത്ത് കല്ല് കെട്ടിതൂക്കുന്ന ഒരേർപ്പാടുണ്ട്. അങ്ങനെ താഴോട്ടുള്ള വളർച്ച വേഗത്തിലാക്കാൻ കെട്ടിതൂക്കിയ കല്ലാണ് സ്വത്വ രാഷ്ട്രീയ വിവാദം.
ജാതി,ലിംഗം,ഭാഷ,ദേശം തുടങ്ങിയ വിവിധ സ്വത്വങ്ങളെ അടിസ്ഥാനമാക്കി സമൂഹത്തെ കാണണമെന്നും ഓരോ സ്വത്വങ്ങളും അവരുടെതായ പുരോഗതിയ്ക്ക്‌വേണ്ടി രാഷ്ട്രീയമായി സംഘടിക്കണമെന്നുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ കാതൽ. വർഗ്ഗരാഷ്ട്രീയം എന്ന സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ Outsourced ബുദ്ധിജീവികളുടെ നാവിൽ നിന്നാണ് ഈ മൊഴിമുത്തുകൾ വരുന്നതെന്നോർക്കണം. സമൂഹത്തെ മുതലാളി തൊഴിലാളി എന്നീവർഗ്ഗങ്ങളായി മാത്രം കാണുന്ന മാർക്സിയൻ ആദർശത്തെ പാടെ തള്ളിപറയുന്നു.
ലിംഗപരമായി സംഘടിക്കുമ്പോൾ സ്ത്രീ സമത്വവാദവും(Feminism) പുരുഷമേധാവിത്തവാദവും(Chauvinism) സമൂഹത്തിൽ ഉടലെടുക്കും. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനെ തന്നെ ഇതു കാര്യമായി ബാധിക്കും. സ്ത്രീ-പുരുഷ സംഗമത്തിലാണ് അടുത്ത തലമുറ. അടുത്ത തലമുറയുടെ ഭാവി തന്നെ അപകടത്തിലാവും.
ഇന്ന് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് “മണ്ണിന്റെ മക്കൾ വാദം”. രാജ്യത്തിന്റെ അഖണ്ഡതയെ കാര്യമായി ബാധിക്കുന്ന പ്രശ്നമാണിത്. ദേശപരമായി സംഘടിച്ച് ഈ അവസ്ഥ കേരളത്തിലേക്ക് കൊണ്ടുവരണം എന്നാണ് ബുദ്ധിജീവികൾ പറഞ്ഞുവെക്കുന്നത്.
നായരും, ഈഴവനും, സുന്നികളും, മുജാഹിദുകളും,RCക്കാരനും, LCക്കാരനും രാഷ്ടീയപരമായി അണിചേരുകയും പ്രവർത്തിക്കുകയും വേണം. അതാണ് ജാതി സ്വത്വവാദം. നടേശൻ മുതലാളിയും പണിക്കർ സാറും സഭാദ്ധ്യക്ഷന്മാരും കാത്തിരിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ സാധ്യത തെളിയുന്നുണ്ട്.
ഭാരതത്തിൽ മൗര്യവംശകാലത്ത് നിലനിന്നിരുന്ന ചാതുർവർണ്ണ്യ സമ്പ്രദായത്തിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ തുടങ്ങി നാല് ജാതികളാണുണ്ടായിരുന്നത്. ഇന്ന് കേരളത്തിൽ ടിപ്പർ ലോറിക്കിറക്കാന്മാത്രം ജാതികളുണ്ട്. ജാതിരാഷ്ട്രീയം വരുകയാണെങ്കിൽ കേരളത്തിന്റെ കാര്യം കട്ടപൊക എന്നർത്ഥം.
ജാതീയമായി സംഘടിക്കുമ്പോൾ ഓരോ ജാതിക്കാരനും പ്രസ്താനങ്ങളും സ്ഥാപനങ്ങളും ഉണ്ടാവും. നായർക്ക് മാത്രമായി ആശുപത്രി ഈഴവന് മാത്രമായി സ്കൂൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഉണ്ടാവും. പിന്നെ ഒരു കാര്യം നായരുടെ ആശുപത്രിയിൽ നായർക്ക് മാത്രമെ പ്രവേശനം ഉണ്ടാവുകയുള്ളു. അതിനി പ്രാണവേദന ആയാലും പ്രസവവേദന ആയാലും.
ഒഴുക്കിനാൽ നദി ശുദ്ധീകരിക്കപെടുന്നു. ആർത്തവ രക്തത്താൽ സ്ത്രീ ശുദ്ധീകരിക്കപെടുന്നു. വൃക്ഷങ്ങളാൽ വായു ശുദ്ധീകരിക്കപെടുന്നു. നമ്മുടെ ‘പുക’സഖാക്കളെ ശുദ്ധീകരിക്കാൻ ചാണകവെള്ളവും ഗോമൂത്രവും മതിയാകാതെ വരുമൊ?
കേരളം കണ്ട സോക്രട്ടീസുമാരും പ്ലേറ്റോമാരും ആണ്‌് സ്വത്വ രാഷ്ടീയത്തിന്റെ മഹത്വത്തെകുറിച്ച് പറയുന്നത്. ജനങ്ങളെ നിങ്ങളിത് നടപ്പിൽ വരുത്തു. കേരളത്തെ Express Highway ലൂടെ 2000 വർഷം പുറകോട്ട് നയിക്കു.
-ലാൽ അത്തോളി.
1 comments:
മത മൗലികവാദികളുടെ വാളുകളായി വര്‍ത്തിക്കുന്നവര്‍ ഈ പ്രസ്ഥാനത്തെ ഒറ്റു കൊടുക്കുകയണോ എന്ന് സംശയിക്കണം. കാളനു പകരം കാളയാകാമെന്ന് പ്രബന്ധമെഴുതിയവര്‍ കാളയ്കൂ പകരം പന്നിയാകാമോ എന്ന് ചോദിക്കാത്തത് തന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ്. സ്വത്വരഷ്ട്രീയം പറാഞ്ഞു് ചിലരെ സുഖിപ്പിക്കാന്‍ നടക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്.
Post a Comment